വടുതലയിൽ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു
Jul 20, 2025, 21:14 IST
എറണാകുളം വടുതലയിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു. കാഞ്ഞിരത്തിങ്കൽ ക്രിസ്റ്റഫറാ(52)ണ് മരിച്ചത്.ക്രിസ്റ്റഫറിന്റെ ഭാര്യ മേരികുട്ടി ചികിത്സയിൽ തുടരുന്നു.
പൂർവ വൈരാഗ്യത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് വില്യംസ് പാട്രിക് എന്നയാൾ ക്രിസ്റ്റഫറിന്റെയും ഭാര്യ മേരിയുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ദമ്പതികൾ പള്ളി പെരുന്നാളിന് പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.ക്രിസ്റ്റഫറിന് എൺപതു ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മേരിക്ക് പതിനഞ്ച് ശതമാനം പൊള്ളലാണ് ഏറ്റത്.
പതിനഞ്ചുകൊല്ലത്തോളമായി വില്യംസിന് ക്രിസ്റ്റഫറിനോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്നു എന്നാണ് വിവരം. ദമ്പതികളെ തീകൊളുത്തിയതിന് പിന്നാലെ വില്യംസ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മൃതദേഹം കഴിഞ്ഞദിവസം സംസ്‌കരിച്ചു.എറണാകുളം നോർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.