മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങൾക്ക് വീടുകൾ; തറക്കല്ലിടൽ ചടങ്ങ് നടന്നു
മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങൾക്കായി നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് നടന്നു. 50 വർഷത്തിലേറെയായി നിലനിന്നിരുന്ന ഭൂമി തർക്കത്തിന് പരിഹാരം കാണാനായതിൽ വലിയ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ടെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു.
സർക്കാർ അധികാരത്തിലെത്തി രണ്ടാം ദിവസമാണ് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇവിടെ പ്രതിഷേധമുണ്ടായത്. അന്ന് തന്നെ ഈ കുടുംബങ്ങളെ വഴിയാധാരമാക്കില്ലെന്നും, അവർക്ക് സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നതായി മന്ത്രി പറഞ്ഞു.
ഓരോ കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലവും 1000 ചതുരശ്ര അടിയിൽ കുറയാത്ത വീടും നിർമിച്ചുനൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സ്‌പോൺസർഷിപ്പിലൂടെയാണ് ഇതിനാവശ്യമായ സഹായം കണ്ടെത്തിയത്. പ്രഖ്യാപനം ഇന്ന് യാഥാർഥ്യമാകുകയാണെന്നും മന്ത്രി വ്യക്തമാക്കി.
വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ശാശ്വത പരിഹാരം കണ്ടെത്താനാണ് ശ്രമിച്ചതെന്നും, ഇതിനായി രാത്രിയിലുൾപ്പെടെ നിരവധി ചർച്ചകൾ നടത്തേണ്ടിവന്നെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ പ്രശ്‌നം രമ്യമായി പരിഹരിക്കാൻ കഴിഞ്ഞതായും അറിയിച്ചു.നിശ്ചയിച്ച സമയത്തിനകം, കഴിയുമെങ്കിൽ അതിന് മുൻപേ തന്നെ വീടുകളുടെ നിർമാണം പൂർത്തിയാക്കി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നും മന്ത്രി റോജി എം. ജോൺ പറഞ്ഞു.