സംസ്ഥാന സർക്കാരിന് വൻ ആശ്വാസം; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ ഹർജി സി.സി.ഐ തള്ളി
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' പദ്ധതിക്കെതിരായ ഹർജി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) തള്ളി. പദ്ധതി നടപ്പാക്കുന്നത് സർക്കാരിന്റെ വിവേചനാധികാരത്തിൽപ്പെടുന്ന കാര്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്മീഷന്റെ നടപടി.
സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയിലെ മത്സരസാധ്യതകളെ ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ചാണ് സ്വകാര്യ ബസുടമകൾ സി.സി.ഐയെ സമീപിച്ചത്. എന്നാൽ, പദ്ധതി സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും പൂർണമായും സർക്കാർ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതിയാണെന്നും കോമ്പറ്റീഷൻ കമ്മീഷൻ വ്യക്തമാക്കുകയായിരുന്നു.
പദ്ധതി നിർത്തിവെക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം തള്ളിയ സി.സി.ഐ വിധി സംസ്ഥാന സർക്കാരിന് വലിയ ആശ്വാസമായി. അതേസമയം, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സ്വകാരിയ ബസുടമകളുടെ തീരുമാനം.