‘പണ്ട് സമരം ചെയ്തവർ ഇപ്പോഴെന്ത് ചെയ്യുമെന്നറിയാൻ ആകാംക്ഷയുണ്ട്’; ഇന്ധനവില വർദ്ധനവിനെതിരെ പിണറായി വിജയൻ
കേന്ദ്ര സർക്കാരിന്റെ ഇന്ധനവില വർദ്ധനവിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും ആഭ്യന്തര വിപണിയിൽ വിലകൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് വില വർദ്ധിപ്പിക്കാതെ പിടിച്ചുനിർത്തുകയും വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ജനങ്ങളുടെ പോക്കറ്റടിക്കുന്ന പതിവ് തട്ടിപ്പ് ബി.ജെ.പി. ആവർത്തിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ പുതിയ യു.ഡി.എഫ് സർക്കാരിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും പോസ്റ്റിൽ പ്രതിപക്ഷ നേതാവ് ശക്തമായി പരാമർശിച്ചു. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിൽ സമരം ചെയ്തിരുന്നവരാണ് ഇന്നത്തെ യു.ഡി.എഫ് നേതാക്കൾ. ഇപ്പോൾ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ, അന്ന് തങ്ങൾ ഉന്നയിച്ച വാദങ്ങൾ നടപ്പാക്കാനും സംസ്ഥാന നികുതി കുറയ്ക്കാനും അവർ തയ്യാറാകുമോയെന്ന് പിണറായി വിജയൻ ചോദിച്ചു.
ഇന്ധന നികുതി കുറയ്ക്കാനും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശബ്ദമുയർത്താനും പുതിയ സംസ്ഥാന സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കുകയെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.