'ഞാൻ രാഹുലിന്റെ ട്രാവൽ ഏജന്റല്ല'; വിദേശയാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ശശി തരൂർ
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തനതായ ശൈലിയിൽ മറുപടി നൽകി കോൺഗ്രസ് എം.പി. ശശി തരൂർ. താൻ രാഹുൽ ഗാന്ധിയുടെ ട്രാവൽ ഏജന്റല്ലെന്നും അത്തരം കാര്യങ്ങൾ തന്നോട് ചോദിച്ചിട്ട് യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർപട്ടിക പുതുക്കലിലെ അപാകതകൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ രാഹുൽ വിദേശത്തേക്ക് പോയതിനെ ബി.ജെ.പി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം.
"ഞാൻ അദ്ദേഹത്തിന്റെ ട്രാവൽ ഏജന്റല്ല. ഓരോ വ്യക്തികൾക്കും അവരുടേതായ വ്യക്തിപരമായ ഉത്തരവാദിത്തങ്ങളും ചുമതലകളുമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ എനിക്ക് കഴിയില്ല," തരൂർ വ്യക്തമാക്കി. ഡൽഹിയിലെ രാഷ്ട്രീയ പരിപാടികൾ മാറ്റിവെച്ചാണ് താൻ വേദിയിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധങ്ങൾ പാതിവഴിയിലാക്കി രാഹുൽ ഗാന്ധി വിദേശത്തേക്ക് അവധി ആഘോഷിക്കാൻ പോയെന്നായിരുന്നു ബി.ജെ.പിയുടെ പ്രധാന വിമർശനം. പാർലമെന്റിലും തെരുവിലും പ്രധാന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന പ്രതിപക്ഷ നേതാവ് നിർണായക സമയത്ത് മാറിനിൽക്കുന്നത് ശരിയല്ലെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു.