'ഇഡി നീക്കം രാഷ്ട്രീയപ്രേരിതമെന്ന അഭിപ്രായമില്ല'; സിപിഐഎമ്മിനെതിരെ തുറന്ന വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

 

പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായമില്ലെന്ന് സിപിഐഎം മുൻ നേതാവും പയ്യന്നൂർ എംഎൽഎയുമായ വി. കുഞ്ഞികൃഷ്ണൻ. പാർട്ടി നേതൃത്വത്തിലുള്ളവരുടെ മക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നാൽ ബന്ധപ്പെട്ടവർ കൃത്യമായ വിശദീകരണം നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇവിടെ അതിന് തയ്യാറായിട്ടില്ലെന്നും വി. കുഞ്ഞികൃഷ്ണൻ വിമർശിച്ചു.

സിപിഐഎമ്മിന് തിരുത്തലിന് സന്നദ്ധതയുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ തെറ്റിന്റെ കാരണം കണ്ടെത്തിയാൽ മാത്രമേ തിരുത്തൽ സാധ്യമാകൂ. എന്നാൽ അതിനുള്ള ശ്രമം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡി നടപടി സ്വീകരിക്കുന്നത് പതിവാണെന്നും, എന്നാൽ ഇതിനെ രാഷ്ട്രീയപ്രേരിതമെന്ന് പറയണമെങ്കിൽ അതിന് വിശ്വസനീയമായ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ കുടുംബത്തിനെതിരായ വിമർശനങ്ങളെ എന്തിനാണ് പാർട്ടിക്കെതിരായ കടന്നാക്രമണമായി കാണുന്നതെന്നും വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു. വിഷയത്തിൽ എൽഡിഎഫിനുള്ളിൽ ചർച്ച നടക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഐഎമ്മിന്റെ ഉത്തരവാദിത്വം ഘടകകക്ഷികളെ ബോധ്യപ്പെടുത്തുകയാണെന്നും, മുന്നണി ഒറ്റക്കെട്ടായി നിൽക്കണമെങ്കിൽ വിഷയത്തിൽ വിശദീകരണം നൽകേണ്ടതുണ്ടെന്നും വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. എന്നാൽ ഇതുവരെ എൽഡിഎഫിൽ വിഷയം ചർച്ച ചെയ്തിട്ടില്ല. ബോധ്യപ്പെടുത്താത്ത സാഹചര്യത്തിൽ മുന്നണിയിലെ മറ്റ് പാർട്ടികൾ സ്വതന്ത്രമായി അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.