ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയെ കാണും

 

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത . മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും നേരിൽ കണ്ട് നിവേദനം നൽകുമെന്ന് അവർ അറിയിച്ചു.കേസിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മുൻ സർക്കാർ സ്വീകരിച്ചതെന്നും അതുകൊണ്ടാണ് ചിലർക്ക് ജോലിയിൽ തിരിച്ചെത്താൻ സാധിച്ചതെന്നും അതിജീവിത ആരോപിച്ചു. പുതിയ സർക്കാരിൽ വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.

അതേസമയം, കേസിൽ പ്രതിയെ സഹായിച്ചവർക്കെതിരെയും വകുപ്പുതല നടപടി വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നെങ്കിലും സഹായിച്ചതിന് സ്ഥലംമാറ്റം ലഭിച്ച അഞ്ച് ജീവനക്കാർ ഇപ്പോഴും സർവീസിൽ തുടരുന്നതായി ആരോപണമുണ്ട്.അതിജീവിതയുടെ മൊഴി മാറ്റിയെഴുതിയതും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും ഉൾപ്പെട്ട സംഭവങ്ങളിൽ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കേസിൽ വകുപ്പുതല അന്വേഷണം നടത്താൻ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും സമരസമിതി മുന്നോട്ട് വെക്കുന്നു.