'ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ മാപ്പ് പറയണം': മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുരേന്ദ്രൻ
ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വൈസ് ചാൻസലർമാരും കേരളത്തോട് മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആവശ്യത്തിന് മറുപടിയുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പ് പറയുകയാണെങ്കിൽ ആദ്യം മുഖ്യമന്ത്രി തന്നെയാണ് മാപ്പ് പറഞ്ഞു തുടങ്ങേണ്ടതെന്ന് കെ. സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.
ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളിൽ വിസിമാർ പങ്കെടുത്തത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ പാരമ്പര്യത്തിനും പദവിയുടെ അന്തസിനും നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങൾക്ക് വിസിമാർ കുടപിടിക്കുകയാണെന്നും തീവ്ര വർഗീയത പ്രസംഗിക്കുന്ന ആർ.എസ്.എസ് നേതാവിനൊപ്പം വേദി പങ്കിട്ടത് പ്രബുദ്ധ കേരളത്തോടുള്ള ചതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രൻ രംഗത്തെത്തിയത്.
ആരോഗ്യ സർവകലാശാല വി.സി. ഡോ. മോഹൻ കുന്നുമ്മൽ, എം.ജി. സർവകലാശാല വി.സി ഡോ. ഡി. മാവൂത്ത്, മലയാളം സർവകലാശാല വി.സിയുടെ ചുമതലയുള്ള ഡോ. സി.ആർ. പ്രസാദ് എന്നിവരാണ് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ പങ്കെടുത്തത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പിൻറെ പൂർണ്ണ രൂപം
'ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം'.
ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിയിലാണ് കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തത്. 'സംഘ്പരിവാറിന്റെ നൂറു വർഷങ്ങൾ' എന്ന തലക്കെട്ടിൽ ഉദയ കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി.
കേരള സർവകലാശാലാ വി.സി മോഹനൻ കുന്നുമ്മൽ, എം.ജി സർവകലാശാലാ വി.സി ഡി. മാവൂത്ത്, മലയാളം സർവകലാശാലാ വി.സി സി.ആർ. പ്രസാദ് എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. കനത്ത സുരക്ഷയോടെയും മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും നടത്തിയ ആർ.എസ്.എസ് പരിപാടിയിലാണ് വി.സിമാർ പങ്കെടുത്തത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തലവന്മാർ ഇത്തരം രാഷ്ട്രീയ പരിപാടികളിൽ പങ്കെടുത്തതിനെതിരെ വിവിധയിടങ്ങളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. വി.സിമാർ സർവകലാശാലകളിൽ കാവിവൽക്കരണ അജണ്ടയാണ് പിന്തുടരുന്നതെന്ന് മുമ്പ് സി.പി.എമ്മും വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയും ആരോപിച്ചിരുന്നു. ഈ ആരോപണം ശക്തമാക്കുന്നതാണ് കേരള, എം.ജി, മലയാളം സർവകലാശാലാ വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത്.