സ്വകാര്യ വാഹനങ്ങൾ ബൈക്ക് ടാക്‌സികളായാൽ പണി കിട്ടും; പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്
നഗരങ്ങളിൽ സ്വകാര്യ ബൈക്കുകൾ ചട്ടങ്ങൾ ലംഘിച്ച് ബൈക്ക് ടാക്‌സികളായി സർവീസ് നടത്തുന്നത് വർദ്ധിച്ച സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. ടാക്‌സി പെർമിറ്റില്ലാതെ സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്തി പിഴ ഈടാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ട്രാഫിക് ബ്ലോക്കിൽ പെടാതെ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാമെന്നതിനാൽ നിലവിൽ വലിയൊരു വിഭാഗം ആളുകൾ ബൈക്ക് ടാക്‌സികളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെ പെർമിറ്റില്ലാത്ത സ്വകാര്യ വാഹനങ്ങളും ഈ മേഖലയിലേക്ക് വ്യാപകമായി കടന്നുവരികയായിരുന്നു.
നിയമപ്രകാരം മഞ്ഞ നമ്പർ പ്ലേറ്റും ടാക്‌സി പെർമിറ്റുമുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് ബൈക്ക് ടാക്‌സിയായി ഓടാൻ അനുവാദമുള്ളത്. എന്നാൽ ഓൺലൈൻ ആപ്പുകളിൽ ബുക്ക് ചെയ്യുമ്പോൾ കാണിക്കുന്ന നമ്പരോ വാഹനമോ ആയിരിക്കില്ല പലപ്പോഴും യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ എത്തുന്നത്. ഇത്തരത്തിൽ നിയമം ലംഘിച്ച് ഓടിയ നിരവധി ബൈക്കുകൾ അടുത്തിടെ കാക്കനാട്ടുനിന്ന് മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു. നിയമലംഘനം നടത്തുന്ന വാഹനങ്ങളിൽ നിന്ന് 3000 രൂപ വരെ പിഴയും ഈടാക്കുന്നുണ്ട്.
വെളുത്ത നമ്പർ പ്ലേറ്റുള്ള സ്വകാര്യ വാഹനങ്ങളിൽ പണം നൽകി യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ടാക്‌സി പെർമിറ്റുള്ള വാഹനം തന്നെയെന്ന് ഉറപ്പുവരുത്തിയ ശേഷമേ യാത്ര ചെയ്യാവൂ. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരമറിയിക്കണം.
അതേസമയം, യാത്രക്കാർക്ക് വാടകയ്ക്ക് എടുത്ത് സ്വയം ഓടിക്കാവുന്ന ബൈക്കുകളും സ്കൂട്ടറുകളും ഇപ്പോൾ നഗരങ്ങളിൽ ലഭ്യമാണ്. ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, ബൈക്ക് ടാക്‌സികളുടെ വരവ് തങ്ങളുടെ വരുമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഓട്ടോ-ടാക്‌സി തൊഴിലാളികൾ.