അരി വില കൂടിയാൽ 25,000 മെട്രിക് ടൺ കൂടി വിപണിയിലെത്തിക്കും: ഭക്ഷ്യമന്ത്രി

 

അരി വില ഉയരുന്ന സാഹചര്യമുണ്ടായാൽ 25,000 മെട്രിക് ടൺ അരി കൂടി വിപണിയിലെത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതുമായി ബന്ധപ്പെട്ട് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചതായും മന്ത്രി അറിയിച്ചു.

ഓണക്കാലത്ത് അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലവിൽ 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും പൊതുവിതരണത്തിനായി എത്തിച്ചിട്ടുണ്ട്. നിലവിലെ സ്റ്റോക്ക് വില നിയന്ത്രിക്കാൻ പര്യാപ്തമാണെന്നും വില ഉയർന്നാൽ കൂടുതൽ അരി വിപണിയിലെത്തിക്കാൻ ഭക്ഷ്യവകുപ്പ് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ റേഷന്‍ കടകളിലും അടിയന്തരമായി സ്‌പെഷല്‍ അരി പൂര്‍ണ്ണമായി എത്തും. ഇതുവരെ 2000 മെട്രിക് ടണ്‍ ഒഎംഎസ്എസ് അരി വിതരണം ചെയ്തു കഴിഞ്ഞു. ഓരോ റേഷന്‍ കാര്‍ഡിനും ലഭ്യമാക്കേണ്ട അരിയുടെ അളവില്‍ ഒട്ടും കുറവു വരുത്തിയിട്ടില്ല. വിലയിലും യാതൊരു മാറ്റമില്ല. സപ്‌ളൈകോ ഔട്ടലെറ്റ് വഴി സെപ്റ്റംബറിലെ അരിയും ഈമാസം വാങ്ങാം. അതോടെ എല്ലാ കാര്‍ഡിനും സപ്‌ളൈകോ വഴി 36 കിലോ അരി ലഭിക്കും. ഇതില്‍ 20 കിലോ അരി ഒഎംഎസ്എസ് പ്രകാരം ലഭ്യമാക്കുന്നതാണ്.