2024 ൽ ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ 2025ൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടക്കും; എം.വി ​ഗോവിന്ദൻ

 

2024 ൽ ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ 2025ൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആർഎസ്എസിന്റെ നൂറാം വാർഷികമാണ് 2025ൽ. ഇതോടെ രാജ്യത്ത് ഭരണഘടന ഇല്ലാതാകുമെന്നും ചാതുർവർണ്യ വ്യവസ്ഥ പുനസ്ഥാപിക്കപ്പെടുമെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പിൽ അതുകൊണ്ട് ബിജെപിയെ തോൽപ്പിക്കണമെന്നും അല്ലാത്ത പക്ഷം രാജ്യം അപകടകരമായ സ്ഥിതിയിലെത്തുമെന്നും എം.വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. വയനാട് മേപ്പാടിയിൽ നടന്ന പി.എ മുഹമ്മദ് അനുസ്മരണ പരിപാടിയിലായിരുന്നു എം.വി ഗോവിന്ദന്റെ പരാമർശം.

‘ഏപ്രിൽ – മെയ് ആകുമ്പോൾ തെരഞ്ഞെടുപ്പ് വരും. ജനപ്രശ്‌നം പറഞ്ഞ് ബിജെപിക്ക് വോട്ട് തേടാൻ ആകില്ല. അത്രയ്ക്ക് ദുരിതവും പട്ടിണിയും ആണ് രാജ്യത്ത്. അതിനെ മറികടക്കാൻ വിശ്വാസത്തെ രാഷ്ട്രീയ ആയുധം ആയി ഉപയോഗിക്കുന്നു. ഇതിനെയാണ് വർഗീയത എന്ന് പറയുക’ എം.വി ഗോവിന്ദൻ പറഞ്ഞു. രാമക്ഷേത്രം പണി നടക്കുന്നെ ഉള്ളുവെന്നും 2025ൽ മാത്രമേ ക്ഷേത്രം പണി പൂർത്തിയാകൂവെന്നും ഉമ്മൻ ചാണ്ടി കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം ചെയ്ത പോലെയാണ് നാളെത്തെ പരിപാടിയെന്നും എം.വി ഗോവിന്ദൻ പരിഹസിച്ചു.

ഹിന്ദുമതത്തിലെ പ്രധാന ആചാര്യൻമാരായ ശങ്കരാചാര്യൻമാർ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇത് ശരിയായ നടപടിയല്ല എന്നാണ് അവർ പോലും പറയുന്നത്. തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാനുള്ള പണിയാണതെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.