'കുട്ടികളെ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ വണ്ടി വിൽക്കണം'; പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഗതാഗതമന്ത്രി
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. കുട്ടികൾക്ക് വാഹനത്തിന്റെ താക്കോൽ നൽകുന്ന രക്ഷിതാക്കളാണ് ഇതിന് ഉത്തരവാദികളെന്ന് വ്യക്തമാക്കിയ മന്ത്രി, കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ വീട്ടിലെ വാഹനം വിൽക്കണമെന്നും കൂട്ടിച്ചേർത്തു.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച സംഭവങ്ങളിൽ ഉന്നതരായ വ്യക്തികളുടെ പേരിൽ പോകും ദാക്ഷിണ്യമില്ലാതെ കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 16, 17 വയസ്സുള്ള കുട്ടികൾക്ക് ഉപദേശം നൽകുന്നതുകൊണ്ട് വലിയ കാര്യമുണ്ടാകില്ലെന്നും രക്ഷിതാക്കൾ വാഹനങ്ങൾ ഉപയോഗിക്കാൻ നൽകാതിരിക്കുകയാണ് വേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് പ്രധാന കാരണം കാലഹരണപ്പെട്ട സമയക്രമമാണെന്ന് മന്ത്രി വ്യക്തമാക്കി. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കാരണം നിലവിലെ സമയപരിധിക്കുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ബസുകൾക്ക് സാധിക്കുന്നില്ല. ഇത് പരിഹരിക്കാൻ കണ്ണൂരിൽ പീക്ക് ടൈം, നോൺ പീക്ക് ടൈം എന്നിവ പരിഗണിച്ച് 'ഫ്ലെക്സി ടൈം' അനുവദിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബസുകൾക്ക് മതിയായ സമയം അനുവദിച്ച ശേഷവും നിയമലംഘനം തുടരുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സി.പി ജോൺ അറിയിച്ചു.