ജയിലിലേക്ക് പോയാൽ ആയിരം രോഗം, പുറത്തെത്തിയാൽ ദുബായിൽ പോകണം'; തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമർശനം

 

വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. 'ജയിലിലേക്ക് പോകുമ്പോൾ ആയിരം രോഗങ്ങൾ, പുറത്തിറങ്ങിയാൽ ദുബായിലേക്ക് പോകണം' എന്നായിരുന്നു കോടതിയുടെ പരിഹാസം. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ജാമ്യം റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും ജയിലധികൃതരുടെ റിപ്പോർട്ട് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറയുന്ന ഒരാൾക്ക് എങ്ങനെ വിദേശത്ത് ജോലിക്ക് പോകാനാകുമെന്നും കോടതി ചോദിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കാലയളവിൽ തച്ചങ്കരി എത്ര ദിവസം ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിവരങ്ങൾ നൽകാൻ നേരത്തെ സർക്കാർ, ജയിൽ അധികൃതരോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഷാർജയിലെ ഒരു ജ്വല്ലറി ഗ്രൂപ്പിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ലഭിച്ചിട്ടുണ്ടെന്നും ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നുമാണ് തച്ചങ്കരി കോടതിയെ അറിയിച്ചിരിക്കുന്നത്. യുഎഇയിലേക്ക് യാത്ര ചെയ്യാനും അവിടെ ജോലി ചെയ്യാനും അനുമതി നൽകണമെന്നാണ് ആവശ്യം.

എന്നാൽ, ജയിലിൽ കഴിയുമ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ കാരണം ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾ വിദേശത്ത് ജോലിക്ക് പോയിട്ട് എന്ത് ചെയ്യാനാണെന്ന ചോദ്യം കഴിഞ്ഞ തവണയും കോടതി ഉന്നയിച്ചിരുന്നു. ഹർജിയിൽ സർക്കാർ നിലപാടും കോടതി തേടിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ ജെ. തച്ചങ്കരിയെ കോട്ടയം വിജിലൻസ് കോടതി നാല് വർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി പിന്നീട് ശിക്ഷ മരവിപ്പിക്കുകയായിരുന്നു.