'നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ വേഗം ഇവിടെ നിന്ന് ഓടി പോകു' ... കിളി പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ കുട്ടികൾ ഓടാൻ തുടങ്ങി; ചര്‍ച്ചയായി വെള്ളാർമല സ്കൂൾ മാഗസിനിലെ കഥ
മഴയായതിനാൽ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തിൽ ഇറങ്ങേണ്ട എന്ന് അവർ തീരുമാനിച്ചു. അങ്ങനെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്പോഴാണ് ഒരു കിളി അവിടേക്ക് വന്നത്. ആ കിളി ഒരു വിചിത്രമായിരുന്നു. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോട് പറഞ്ഞു. നിങ്ങൾ ഇവിടെ നിന്ന് വേഗം രക്ഷപ്പെട്ടോ കുട്ടികളെ. ഇവിടെ വലിയൊരു ആപത്തു വരാൻ പോകുന്നു. നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ വേഗം ഇവിടെ നിന്ന് ഓടി പൊയ്ക്കോളൂ. എന്ന് പറഞ്ഞിട്ട് ആ കിളി അവിടെ നിന്ന് പറന്ന് പോയി. കിളി പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലെങ്കിലും അവിടെ നിന്ന് കുട്ടികൾ ഓടാൻ തുടങ്ങി.'
ഉരുൾ വിഴുങ്ങിയ മുണ്ടക്കൈയിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ കൈറ്റ് സിഇഒ ആയ കെ അൻവർ സാദത്ത് സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വരാനിരിക്കുന്ന ദുരന്തം മുൻകൂട്ടി കണ്ടെന്ന പോലെ വെള്ളാർമല സ്കൂളിലെ കുട്ടികളിലൊരാൾ എഴുതിയ കഥയെക്കുറിച്ചാണ് കുറിപ്പ്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വെള്ളാരങ്കല്ലുകൾ എന്ന ഡിജിറ്റൽ മാഗസിനിലെ കഥയിലാണ് യാദൃച്ഛികമായ ഈ പരാമർശമുള്ളത്.
ലയ എന്ന വിദ്യാർത്ഥിനി എഴുതിയ ആഗ്രഹത്തിന്റെ ദുരനുഭവം എന്ന കഥയിലാണ് മേൽപ്പറഞ്ഞ പരാമർശമുള്ളത്. ഈ കുറിപ്പ് സോഷ്യൽമീഡിയയിൽ ചര്‍ച്ചയാവുകയാണ്. വെള്ളച്ചാട്ടത്തിൽപ്പെട്ട് മരിച്ച ഒരു പെൺകുട്ടി കിളിയായി വന്ന് മുന്നറിയിപ്പ് നൽകിയെന്ന തരത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്.