ചെമ്മാട് അനധികൃത സ്‌ഫോടകവസ്തു കണ്ടത്തിയ കേസ്; മുഖ‍്യ പ്രതി എൻഐഎ പിടിയിൽ
മലപ്പുറം ചെമ്മാട് അനധികൃതമായി സ്‌ഫോടകവസ്തുക്കൾ കൈവശം വെച്ച കേസിൽ മുഖ‍്യ പ്രതി ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി. മഞ്ചേരിയിൽ നിന്നാണ് ഹാരിസ് ടി.എ.യെ എൻഐഎ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
സ്ഫോടക വസ്തുക്കൾ അനധികൃതമായി വാങ്ങിയതിൽ പ്രധാന ആസൂത്രകനാണ് ഹാരിസെന്ന് എൻഐഎ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിലായി 19 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.
2026 ഫെബ്രുവരി 7ന് മലപ്പുറത്തെ ചെമ്മാട്-തലപ്പാറ റോഡിലുള്ള ഫർഹ ഹോളോ ബ്രിക്സ് കമ്പനിയിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നും 89,600 ഡിറ്റനേറ്റർ സ്റ്റിക്കുകൾ, 10,500 നോൺ ഇലക്‌ട്രിക് ഷോക്ക് ട‍്യൂബുകൾ എന്നിവ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.
ലോറി തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ മൂന്ന് പേരെ കേരള പൊലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കൾ വാങ്ങുന്നതിനോ കൊണ്ടുപോകുന്നതിനോ ആവശ്യമായ ലൈസൻസോ അനുമതിയോ പ്രതികളുടെ കൈവശമുണ്ടായിരുന്നില്ല. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് പിന്നീട് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 7ന് കർണാടകയിലെ വിജയപുരയിൽ നിന്നും മൂന്ന് പ്രതികളെ കൂടി എൻഐഎ പിടികൂയിരുന്നു. ഇതിനു പിന്നാലെയാണ് ഹാരിസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.