ലൈംഗിക അതിക്രമ ആരോപണത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ
യുവതിക്കെതിരേ കമ്മിഷണർക്ക് പരാതി നൽകി കുടുംബം
ബസിൽ വച്ച് ലൈംഗിക അതിക്രമം നടത്തി എന്നാരോപിച്ച് അരീക്കാട് സ്വദേശിയായ യുവതി വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി കുടുംബം. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് ജീവനൊടുക്കിയത്. കമീഷണർ ഓഫീസിലെത്തിയാണ് പരാതി നൽകിയത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ദീപകിനെ യുവതി മനപ്പൂർവം അപകീർത്തിപ്പെടുത്തുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. ജോലിയാവശ്യാർത്ഥം കഴിഞ്ഞ വെള്ളിയാഴ്ച ബസിൽ യാത്രചെയ്യുകയായിരുന്നു ദീപക്. തിരക്കുള്ള ബസ് ആയിരുന്നു. ഇരിക്കാൻ സ്ഥലമില്ലാതെ നിൽക്കുന്ന സമയത്താണ് യുവതി വീഡിയോ ചിത്രീകരിക്കുന്നതും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ബസിൽ വെച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപണം ഉന്നയിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്