ഓഗസ്റ്റ് ആദ്യ നാല് ദിവസങ്ങളിൽ സംസ്ഥാനത്ത് ലഭിച്ചത് മൂന്നിരട്ടി മഴ; ഏറ്റവും കൂടുതൽ പത്തനംതിട്ടയിൽ
ഓഗസ്റ്റ് ഒന്ന് മുതൽ നാല് വരെ സംസ്ഥാനത്ത് ലഭിച്ചത് സാധാരണയേക്കാൾ മൂന്നിരട്ടി മഴയെന്ന് ഔദ്യോഗിക കണക്കുകൾ. ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്ന 73.2 മില്ലീമീറ്റർ മഴയ്ക്ക് പകരം 205.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് 181 ശതമാനം അധികമഴ രേഖപ്പെടുത്തി.
പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ മഴക്കൂടുതൽ രേഖപ്പെടുത്തിയത്.49.7 മില്ലീ മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 275.5 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത് . ഇവിടെ 454 ശതമാനം അധികമഴയാണ് ലഭിച്ചത്. തിരുവനന്തപുരം 391 ശതമാനം അധികമഴയോടെ രണ്ടാം സ്ഥാനത്താണ്. കോഴിക്കോട് 290.1 മില്ലീ മീറ്റർ മഴ ലഭിച്ച് 274 ശതമാനം അധികമഴ രേഖപ്പെടുത്തി.
കൊല്ലത്ത് 245 ശതമാനവും, മലപ്പുറത്ത് 235 ശതമാനവും, കോട്ടയത്ത് 234 ശതമാനവും അധികമഴ ലഭിച്ചു. കണ്ണൂരിൽ 179 ശതമാനവും എറണാകുളത്ത് 180 ശതമാനവും അധികമഴ രേഖപ്പെടുത്തി.ആലപ്പുഴയിൽ 175 ശതമാനം, തൃശൂരിൽ 162 ശതമാനം, പാലക്കാട് 188 ശതമാനം, ഇടുക്കിയിൽ 110 ശതമാനം അധികമഴ ലഭിച്ചു. കാസർകോട് 80 ശതമാനവും വയനാട് 57 ശതമാനവും അധികമഴ രേഖപ്പെടുത്തി.
കേന്ദ്രഭരണ പ്രദേശമായ മാഹിയിലും ശക്തമായ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ട 81.1 മില്ലീമീറ്റർ മഴയ്ക്ക് പകരം 201.2 മില്ലീമീറ്റർ മഴ ലഭിച്ചതോടെ 148 ശതമാനം അധികമഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.