നഗരൂരിൽ പോലീസിനെ അസഭ്യം പറഞ്ഞ സംഭവം; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

 

തിരുവനന്തപുരം നഗരൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു, രതീഷ് എന്നിവരാണ് പിടിയിലായത്. കേസിൽ ഒമ്പത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫൈസൽ ഉൾപ്പെടെയുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ പ്രതികൾക്ക് നോട്ടീസ് നൽകാൻ എത്തിയപ്പോഴാണ് പോലീസുകാർക്ക് നേരെ അതിക്രമമുണ്ടായത്. നഗരൂർ എസ്ഐ അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തിയ പ്രവർത്തകർ, പോലീസുകാരെ അസഭ്യം പറയുകയും വണ്ടിയിൽ നിന്നിറങ്ങിയാൽ അടിച്ചു ചെവിക്കല്ല് പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികൾ പിന്നീട് പോലീസ് സ്റ്റേഷനിലെത്തിയും ഭീഷണി മുഴക്കിയതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. പോലീസ് ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്നും അങ്ങനെയൊന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്നും അസോസിയേഷൻ പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പോലീസ് മേധാവിയോട് അസോസിയേഷൻ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ജില്ലയിൽ നിലനിന്നിരുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ സംഭവവും ഉണ്ടായത്.