ദേശീയപാതയിൽ അപകടകരമായ രീതിയിൽ ബസ് റിവേഴ്‌സ് എടുത്ത സംഭവം; കോട്ടക്കൽ പൊലീസ് കേസെടുത്തു

 

മലപ്പുറം കോട്ടക്കൽ സ്വാഗതമാട് ആറുവരി ദേശീയപാതയിൽ തെറ്റായ ദിശയിൽ സ്വകാര്യ ബസ് അപകടകരമായ രീതിയിൽ റിവേഴ്‌സ് എടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

എക്‌സിറ്റ് പോയിന്റ് പിന്നിട്ട് മുന്നോട്ട് പോയ സ്വകാര്യ ബസ് ദേശീയപാതയിൽ നിന്ന് പുറത്തിറങ്ങുന്നതിനായി പാതയിൽ തന്നെ റിവേഴ്‌സ് എടുക്കുകയായിരുന്നു. നാട്ടുകാർ ഇത് ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതോടെ ബസ് ജീവനക്കാർ റിവേഴ്‌സ് നിർത്തി.

യാത്രക്കാരുടെയും മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവരുടെയും ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിനാണ് കേസെടുത്തത്. രണ്ട് ദിവസം മുൻപ് ഇതേ സ്ഥലത്ത് കെ.എസ്.ആർ.ടി.സി ബസ് റിവേഴ്‌സ് എടുക്കുന്നതിനിടെ അപകടമുണ്ടായി യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.പുതിയ ആറുവരി ദേശീയപാതയിൽ ഇത്തരം നിയമലംഘനങ്ങൾ വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.