കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് കുട്ടികൾക്ക് നൽകിയ സംഭവം;പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിത്തിലെ രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ
Nov 13, 2026, 14:22 IST
പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ. വീഴ്ച വരുത്തിയ രണ്ട് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെയാണ് സസ്പെൻഡ് ചെയ്തത്.
പ്രതിരോധ കുത്തിവെപ്പിനായി എത്തിയ ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയത്. കാലാവധി അവസാനിച്ച് ഒരു മാസം പിന്നിട്ട മരുന്നാണ് വിതരണം ചെയ്തതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
മരുന്നിന്റെ കാലാവധി കഴിഞ്ഞ വിവരം ശ്രദ്ധയിൽപ്പെടുത്തി രക്ഷിതാക്കൾ പരാതി നൽകിയതോടെ മരുന്ന് മാറ്റി നൽകിയതായും ആരോപണമുണ്ട്. ഏഴോളം രക്ഷിതാക്കൾ മരുന്ന് തിരികെ നൽകിയതായാണ് വിവരം. സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചു.