മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിൽ റൗഡി ലിസ്റ്റിലുള്ളയാളെന്ന് പോലീസ്; കോൺഗ്രസിൽ നിന്ന് സസ്പെൻഷൻ

 

മുഖ്യമന്ത്രിയെ വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ഡി.സി.സി അംഗം ചേന്തി അനിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിർദേശപ്രകാരം തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് എൻ. ശക്തനാണ് നടപടി പ്രഖ്യാപിച്ചത്. സംഭവത്തിൽ ചേന്തി അനിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അനിലിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കാൻ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഇയാൾ പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. മുൻപ് പ്രമുഖ ഗുണ്ടാ നേതാക്കളായ പുത്തൻപാലം രാജേഷ്, ഓംപ്രകാശ് എന്നിവരുമായി അനിൽ നടത്തിയ കൂടിക്കാഴ്ചയും വലിയ വിവാദമായിരുന്നു.

വെള്ളിയാഴ്ച ചെമ്പഴന്തിയിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിൽ വെച്ച് തടയുകയും, വാഹനം കടത്തിവിടാൻ ഗൺമാന്മാർ പിടിച്ചുമാറ്റേണ്ടി വരികയും ചെയ്തുവെന്നാണ് പരാതി. അതേസമയം, തനിക്കെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നുമാണ് കസ്റ്റഡിയിലിരിക്കെ അനിൽ പ്രതികരിച്ചത്.