സ്വാതന്ത്ര്യദിനം: കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി; യാത്രക്കാർ നേരത്തേ എത്തണം
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (BCAS) നിർദേശപ്രകാരം ഓഗസ്റ്റ് 20 വരെയാണ് രാജ്യവ്യാപകമായി വിമാനത്താവളങ്ങളിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തുന്നത്.
സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായി യാത്രക്കാരുടെയും ബാഗേജുകളുടെയും കാർഗോ ചരക്കുകളുടെയും പരിശോധന കർശനമാക്കും. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ലാഡർ പോയിന്റിൽ യാത്രക്കാർക്കായി അധിക സുരക്ഷാ പരിശോധനയും (Secondary Ladder Point Check) ഉണ്ടാകും. വിമാനത്താവള പരിസരത്ത് വാഹന പരിശോധനയും നിരീക്ഷണവും ഊർജിതമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. വിശദമായ പരിശോധനകൾക്ക് കൂടുതൽ സമയമെടുക്കുമെന്നതിനാൽ, യാത്ര തടസ്സപ്പെടാതിരിക്കാൻ ആഭ്യന്തര-അന്തർദേശീയ സർവീസുകളിലെ യാത്രക്കാർ പതിവിലും നേരത്തേ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.