ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്: വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് സൈബർ പോലീസിന്റെ മുന്നറിയിപ്പ്

 

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണെന്ന് വിശ്വസിപ്പിച്ച് സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ സൈബർ പൊലീസ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ നൽകി വാട്സാപ് വഴിയാണ് സംഘങ്ങൾ പണം തട്ടുന്നത്.

ഇൻസ്റ്റഗ്രാമിലെ വ്യാജ പേജുകളിൽ മത്സര വിവരങ്ങളും തീയതിയും നൽകി ആളുകളെ ആകർഷിച്ച് വാട്സാപ് നമ്പറുകളിലേക്ക് എത്തിക്കുകയാണ് ആദ്യ പടി. തുടർന്ന് വ്യാജ ബുക്കിങ് ഫോമുകൾ നൽകി വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുകയും, അഡ്വാൻസ് തുക വാങ്ങിയ ശേഷം വ്യാജ 'ഓർഡർ കൺഫർമേഷൻ' അയച്ചു കൊടുക്കുകയും ചെയ്യും. ഇതിനുശേഷം ജിഎസ്ടി, വെരിഫിക്കേഷൻ ഫീ, റീഫണ്ടബിൾ ചാർജ് തുടങ്ങിയ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി വൻ തുകകൾ തുടർച്ചയായി കൈക്കലാക്കുകയാണ് ഇവരുടെ രീതി.

കായിക മത്സരങ്ങളുടെ ടിക്കറ്റുകൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ബുക്ക് ചെയ്യണമെന്ന് പൊലീസ് നിർദേശിച്ചു. വ്യക്തിഗത ബാങ്ക് വിവരങ്ങളോ ഒടിപിയോ യുപിഐ പിൻ നമ്പറുകളോ കൈമാറരുത്. തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിലോ cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ഒരു മണിക്കൂറിനകം വിവരമറിയിച്ചാൽ പണം വീണ്ടെടുക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.