ഇൻസ്റ്റഗ്രാം താരം അമ്മുക്കുട്ടി അമ്മൂമ്മ വിട പറഞ്ഞു; അന്ത്യം 106-ാം വയസ്സിൽ
ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ അമ്മുക്കുട്ടി അമ്മൂമ്മയ്ക്ക് വിട. കോട്ടയം അയ്മനം സ്വദേശിയായ സി.പി. അമ്മുകുട്ടിക്ക് 106 വയസ്സായിരുന്നു. വാർധക്യസഹജമായ അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. ചെറുമകൾ ഗോപികയുടെ ഇൻസ്റ്റഗ്രാം പേജായ 'ഗോപികാസ് ഗ്യാലറീസ്' വഴിയാണ് അമ്മുക്കുട്ടി അമ്മൂമ്മ പ്രേക്ഷകർക്ക് സുപരിചിതയായത്. ഗോപിക തന്നെയാണ് വിയോഗവാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മോഹൻലാലിന്റെ കടുത്ത ആരാധികയായിരുന്ന അമ്മുക്കുട്ടി അമ്മൂമ്മയ്ക്ക് അദ്ദേഹത്തെ നേരിൽ കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. അമ്മൂമ്മയ്ക്ക് മോഹൻലാൽ പിറന്നാൾ ആശംസകൾ നേർന്ന വീഡിയോയും നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോട്ടയത്ത് ചിത്രീകരണത്തിനായി എത്തുമ്പോൾ നേരിൽ കാണാമെന്ന് മോഹൻലാൽ അമ്മൂമ്മയ്ക്ക് വാക്കുനൽകിയിരുന്നു.
വീഡിയോകളിൽ 'സി.പി. അമ്മുക്കുട്ടിയമ്മ' എന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന അമ്മൂമ്മയുടെ പേരെഴുത്ത് വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും പേര് എഴുതുന്ന വീഡിയോകളിലൂടെയാണ് അമ്മുക്കുട്ടി അമ്മൂമ്മ സമൂഹമാധ്യമങ്ങളിൽ താരമായത്.