സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം കേസ്

 

നടൻ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിനും കേസ്. ആലപ്പുഴ മാവേലിക്കര പോലീസാണ് നടനെതിരെ കേസെടുത്തത്. ബോംബെയിൽ ജോലി ചെയ്യുന്ന മാവേലിക്കര തഴക്കര സ്വദേശിയുടെ പരാതിയിലാണ് നടപടി. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കർശന നിർദ്ദേശപ്രകാരമാണ് പോലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

നേരത്തെയും വിനായകൻ പലവിധ നിയമനടപടികളിലും വിവാദങ്ങളിലും പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ച് സി.ഐ.എസ്.എഫ് (CISF) ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് താരത്തെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് മുൻപ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി ബഹളം വെച്ചതിനും വിനായകനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ലഹരി ഉപയോഗിച്ചെത്തിയാണ് നടൻ പോലീസ് സ്റ്റേഷനിൽ പ്രശ്നങ്ങളുണ്ടാക്കിയതെന്നായിരുന്നു അന്ന് പോലീസിന്റെ ആരോപണം.