ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ
ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഇതുസംബന്ധിച്ച് എൽ.ഐ.സിയുമായി ധാരണയിലെത്തിയതായി അദ്ദേഹം അറിയിച്ചു. വെർച്വൽ ക്യൂ ബുക്കിങ് സമയത്ത് നോമിനിയുടെ പേരും ബന്ധവും രേഖപ്പെടുത്തും. ആദ്യമായാണ് തീർഥാടകർക്ക് ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂം തുറക്കുമെന്നും നിലയ്ക്കലിലും പമ്പയിലും റിസപ്ഷൻ ഡെസ്കുകൾ ഒരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. മരാമത്ത് പണികൾ ഈ മാസം പത്താം തീയതിക്ക് മുമ്പ് പൂർത്തിയാക്കും.
ദേവസ്വം ബോർഡിന്റെ ഡിജിറ്റലൈസേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിലും കെ. ജയകുമാർ പ്രതികരിച്ചു. കിൻഫ്ര എംഡി സ്നേഹിൽ കുമാറുമായി ചർച്ച നടത്തിയതായും പദ്ധതിയിൽ നിയമപരമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. കിൻഫ്ര പിന്മാറിയാലും പദ്ധതി തുടരുമെന്നും നിലവിലുള്ളവർ തന്നെ പദ്ധതി പൂർത്തിയാക്കുമെന്നും വ്യക്തമാക്കി.
ദേവസ്വം ബോർഡ് അനാവശ്യ ചെലവുകളൊന്നും നടത്തിയിട്ടില്ലെന്നും ഫെസ്റ്റിവൽ കൺട്രോൾ റൂമിന്റെ ചുമതല ഒ.ജി. ബിജുവിന് തന്നെ നൽകുമെന്നും കെ. ജയകുമാർ കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളുടെ പേരിൽ ആരെയും ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.