മുണ്ടംവേലി ലൈഫ് മിഷൻ ഫ്‌ലാറ്റിലെ ക്രമക്കേടുകൾ; വിജിലൻസ് അന്വേഷണത്തിന് ശുപാർശ

 

കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്‌ലാറ്റ് നിർമാണത്തിലെ ഗുരുതരമായ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ശുപാർശ നൽകി.

2024ൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതര നിർമാണ തകരാറുകൾ കണ്ടെത്തിയത്. താമസം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫ്‌ലാറ്റിൽ വലിയ തോതിൽ ചോർച്ചയുണ്ടായതടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി താമസക്കാർ നിരന്തരം പരാതി നൽകിയിരുന്നു.

അപാകതകൾ ഗുരുതരമാണെന്ന് വ്യക്തമായതോടെ ഫ്‌ലാറ്റിലെ മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ച് സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനാണ് നിലവിലെ തീരുമാനം. അതേസമയം, കെട്ടിടം പൂർണമായി പൊളിച്ചുമാറ്റാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുമോ എന്നും സർക്കാർ പരിശോധിക്കുന്നുണ്ട്. സർക്കാർ ഓഫീസുകൾ പ്രവർത്തിപ്പിക്കാൻ കെട്ടിടം ഉപയോഗിക്കാമോ എന്നതടക്കമുള്ള സാധ്യതകളാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പരിശോധിക്കുന്നത്.