കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; തീരമേഖലയിൽ ജാഗ്രത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അപകടസാധ്യതയുള്ളവർ മുൻകരുതലിന്റെ ഭാഗമായി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ ഇന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ആലപ്പാട് മുതൽ ഇടവ വരെയുമുള്ള തീരങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ നാളെ വൈകിട്ട് 5.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്തും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ട്. ഇന്ന് പുലർച്ചെ 2.30 മുതൽ നാളെ ഉച്ചയ്ക്ക് 2.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം എന്നും മുന്നറിപ്പ് ഉണ്ട്