അത് സുകുമാരക്കുറുപ്പല്ല, തൃശൂർ സ്വദേശിയായ ദാമോദര മേനോൻ; ചിത്രത്തിന് പിന്നിലെ സത്യം വ്യക്തമാക്കി കുടുംബം

 

കേരളത്തെ പതിറ്റാണ്ടുകളായി കുഴക്കുന്ന സുകുമാരക്കുറുപ്പ് തിരോധാന കേസിൽ പുതിയ ട്വിസ്റ്റ്. സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ടിലെ ഫോട്ടോ തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് കുടുംബം സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരന്മാരായ കരുണാകരനും സുരേന്ദ്ര മേനോനുമാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം വ്യക്തമാക്കിയത്.

പാസ്‌പോർട്ടിലുള്ള ചിത്രം വർഷങ്ങളായി മലേഷ്യയിൽ പ്രവാസിയായ തന്റെ സഹോദരന്റേതാണെന്നും സുരേന്ദ്ര മേനോൻ പറഞ്ഞു. 40 വർഷങ്ങൾക്ക് മുമ്പ് മലേഷ്യയിലേക്ക് ജോലിക്കായി പോയ ദാമോദര മേനോൻ അവിടെ പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയതാണെന്നും മലേഷ്യൻ പൗരത്വമുണ്ടെന്നും കുടുംബം വ്യക്തമാക്കി. ഒരു മാസം മുമ്പും അദ്ദേഹം നാട്ടിലേക്ക് വിളിച്ചിരുന്നതായും നിലവിൽ അപകടത്തിൽപ്പെട്ട് കിടപ്പിലാണെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

സ്വന്തം സഹോദരന്റെ ചിത്രം വെച്ച് സുകുമാരക്കുറുപ്പാണെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം മുന്നറിയിപ്പ് നൽകി.