വാട്ടർ പ്ലസ് അംഗീകാരം നേടിയ ഏക നഗരം; തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും കേന്ദ്ര പുരസ്‌കാരം
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൻ റാങ്കിംഗിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മികച്ച നേട്ടം. ഒപ്പം, 'വാട്ടർ പ്ലസ്' അംഗീകാരം നേടിയ കേരളത്തിലെ ഏക നഗരം എന്ന ഖ്യാതിയും തിരുവനന്തപുരം സ്വന്തമാക്കി.
മാലിന്യ ശേഖരണം, ഖരമാലിന്യ സംസ്‌കരണം, ദ്രവമാലിന്യ സംസ്‌കരണം, ലെഗസി മാലിന്യ നിർമ്മാർജനം, ശുചിത്വ ബോധവൽക്കരണം, സഫായി മിത്ര സുരക്ഷ, ജി-റേറ്റിംഗ്, ഒ.ഡി.എഫ് (Open Defecation Free) പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം നഗരസഭ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ.
ഈ വിജയം തിരുവനന്തപുരം നഗരത്തിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും സമർപ്പിച്ചുകൊണ്ട് മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. 2023-ലെ സർവേയിൽ 2613-ാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം നഗരസഭ ഇത്തവണ 89-ാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. ഒ.ഡി.എഫ് സർട്ടിഫിക്കേഷന്റെ ഏറ്റവും ഉയർന്ന റാങ്കായ 'വാട്ടർ പ്ലസ്' കരസ്ഥമാക്കാൻ സാധിച്ചത് നഗരസഭയുടെ കാര്യക്ഷമമായ മാലിന്യ സംസ്‌കരണ, മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും മേയർ ചൂണ്ടിക്കാട്ടി.