ഒരു ദിവസം പെയ്യേണ്ട മഴ ഒരുമണിക്കൂറില്‍ പെയ്തു; തിരുവനന്തപുരത്ത് വെള്ളക്കെട്ടിന് കാരണമായത് അതിതീവ്ര മഴയെന്ന് മേയർ
ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിനുള്ളിൽ പെയ്തതാണ് നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. കോർപ്പറേഷൻ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി. വെള്ളക്കെട്ട് ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിൽ ഇന്നലെ ഒമ്പത് മുതൽ പത്ത് സെന്റീമീറ്റർ വരെ മഴ ലഭിച്ചു. ചിലയിടങ്ങളിൽ അരമണിക്കൂറിനുള്ളിൽ 68 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇത്രയും ശക്തമായ മഴ പെട്ടെന്ന് ലഭിച്ചതോടെ ഓടകളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതും വെള്ളക്കെട്ടിന് കാരണമായെന്ന് മേയർ പറഞ്ഞു.
റോഡ് നിർമാണത്തിലെ അപാകതകളും ഓടകളുടെ വീതിക്കുറവും വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്ക സാധ്യതയുള്ള തിരുവനന്തപുരത്ത് മഴവെള്ളം വേഗത്തിൽ ഒഴുകിപ്പോകാൻ കഴിയുന്ന തരത്തിലുള്ള വീതിയുള്ള ഓടകൾ ആവശ്യമാണ്. നിലവിലെ ഓടകളിലെ ചെറിയ ഗ്രില്ലുകളും പരിശോധിക്കേണ്ടതുണ്ടെന്നും മേയർ പറഞ്ഞു.വെള്ളക്കെട്ടിനെ തുടർന്ന് നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഓടകളിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്.