'അങ്ങനെയൊരു വകുപ്പ് ഉണ്ടായാല്‍ കൊള്ളാം'; ആശയം പങ്കുവച്ച് രമേശ് പിഷാരടി
നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും ഭാവി പദ്ധതികളും പങ്കുവെച്ച് ചലച്ചിത്ര താരം കൂടിയായ രമേശ് പിഷാരടി. കേരള സർക്കാരിൽ മാനസികാരോഗ്യത്തിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന ശ്രദ്ധേയമായ ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നാദിർഷയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പിഷാരടി ഈ വേറിട്ട നിർദ്ദേശം പങ്കുവെച്ചത്. കേരള സർക്കാരിൽ ഇതുവരെ ഇല്ലാതിരുന്ന ഒരു വകുപ്പ് വേണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
നിലവിൽ ആരോഗ്യ വകുപ്പിന് കീഴിൽ വരുന്ന മാനസികാരോഗ്യ വിഭാഗത്തെ കൂടുതൽ പ്രാധാന്യത്തോടെ കാണണമെന്നും ഇതിനായി ഒരു സ്വതന്ത്ര വകുപ്പ് തന്നെ വേണമെന്നുമാണ് അദ്ദേഹം പറയുന്നത്. ഉദാഹരണമായി വിദ്യാഭ്യാസ വകുപ്പിനെ ഉന്നത വിദ്യാഭ്യാസമെന്നും അല്ലാത്തതുമെന്ന് വിഭജിച്ചതുപോലെ മാനസികാരോഗ്യത്തിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വർത്തമാനകാലത്ത് മനുഷ്യർ മാനസികമായി ഏറെ തളർച്ച അനുഭവിക്കുന്നുണ്ടെന്നും, മാനസികമായ സന്തോഷം ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ വ്യക്തിപരമായ മാനസിക സന്തോഷം ഉറപ്പാക്കാതെ വികസനം കൊണ്ട് മാത്രം കാര്യമില്ലെന്നും പിഷാരടി നിരീക്ഷിച്ചു. ഒരാൾ കടൽത്തീരത്തോ പാർക്കിലോ പോയിരുന്നാലും അയാൾക്ക് വ്യക്തിപരമായ സന്തോഷം ഇല്ലാതെ ആ അന്തരീക്ഷം ആസ്വദിക്കാൻ കഴിയില്ല. എന്നാൽ നല്ല മാനസികാവസ്ഥയിലാണെങ്കിൽ എവിടെയിരുന്നാലും സന്തോഷിക്കാൻ കഴിയും. അതുകൊണ്ട് തന്നെ മാനസികാരോഗ്യം എന്നത് സർക്കാർ പ്രത്യേകമായി കരുതേണ്ട ഒരു മേഖലയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ 13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് രമേശ് പിഷാരടി നിയമസഭയിലേക്ക് എത്തുന്നത്.