‘പാഠം പഠിച്ചു, ഇനി വളരെ ശ്രദ്ധിക്കും’; പ്രിയദർശിനി വിവാദ പരാമർശത്തിൽ സി.പി. ജോൺ
പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട പരാമർശം വിവാദമായതിൽ പ്രതികരണവുമായി ഗതാഗതമന്ത്രി സി.പി. ജോൺ. പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന പാഠമാണ് ഇതിൽനിന്ന് ലഭിച്ചതെന്നും, താൻ തെറ്റായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. വാക്കുകൾ ശ്രദ്ധയോടെ നിരീക്ഷിക്കപ്പെടുന്നതിനാൽ ഇനി മുൻപത്തെപ്പോലെ അയഞ്ഞ രീതിയിൽ സംസാരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതിയെക്കുറിച്ച് സംസാരിക്കവെ, പണമില്ലാത്ത ബസിൽ തള്ളിക്കയറുന്നവർ മക്കളെ സ്വകാര്യ സ്കൂളിൽ വിടുകയും സർക്കാർ ആശുപത്രികളെ ആശ്രയിക്കുകയും ചെയ്യുന്നുവെന്ന അദ്ദേഹത്തിന്റെ പരാമർശമാണ് വിമർശനത്തിനിടയാക്കിയത്.
എന്നാൽ, തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും സാധാരണക്കാരുടെ ആഗ്രഹങ്ങൾ മനസ്സിലാക്കുന്നതിൽ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടു എന്ന സ്വയംവിമർശനമാണ് താൻ നടത്തിയതെന്നും മന്ത്രി പിന്നീട് വിശദീകരിച്ചു. സ്ത്രീകളുടെ സൗജന്യയാത്ര അവകാശമാണെന്നും പ്രിയദർശിനി പദ്ധതിയിൽനിന്ന് സർക്കാർ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.