മൂന്നാം ദിവസവും പിടിതരാതെ ചക്കക്കൊമ്പൻ; നടുത്തുരുത്തിൽ നിലയുറപ്പിച്ച കൊമ്പനെ നിരീക്ഷിക്കാൻ ജലാശയത്തിൽ ബോട്ടുകളുമായി ദൗത്യസംഘം

 

ഇടുക്കി ചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്നും ദൗത്യസംഘത്തെ വെട്ടിച്ച് ഒളിച്ചുകളി തുടരുകയാണ് ചക്കക്കൊമ്പൻ. മയക്കുവെടി വെക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ് സംഘം.

മൂന്നാം ദിനം രാവിലെ തന്നെ ചക്കക്കൊമ്പനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. നിലവിൽ ആനയിറങ്കൽ ജലാശയത്തിനോട് ചേർന്നുള്ള നടുത്തുരുത്ത് ഭാഗത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ അവസാനമായി കണ്ടെത്തിയ സ്ഥലത്തുനിന്ന് ആന അധികദൂരം പോയിട്ടില്ലെന്നും, രാത്രിയും ഇവിടെത്തന്നെയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഇവിടെ നിന്നും സുരക്ഷിതമായ തുറസ്സായ സ്ഥലത്തേക്ക് ആന നീങ്ങിയാൽ മാത്രമേ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.

നടുത്തുരുത്തിൽ നിന്ന് പന്നിയാർ ഭാഗത്തേക്കോ 301 കോളനി ഭാഗത്തേക്കോ ആനയ്ക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡി.കെ. വിനോദ്കുമാർ അറിയിച്ചു. തോട്ടം മേഖലയായ പന്നിയാറിലേക്ക് ചക്കക്കൊമ്പൻ ഇറങ്ങിയാൽ മയക്കുവെടി ദൗത്യം അസാധ്യമാകും. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി പന്നിയാർ ഭാഗത്തേക്ക് ആന നീങ്ങാതിരിക്കാൻ ജലാശയത്തിൽ ബോട്ടുകളിൽ പ്രത്യേക ദൗത്യസംഘത്തെ വിന്യസിച്ചിട്ടുണ്ട്.

ആന അക്രമകാരിയാകുന്നതും മയക്കുവെടി വെക്കാൻ അനുയോജ്യമായ സ്ഥലത്ത് എത്താത്തതുമാണ് ദൗത്യത്തിന് പ്രധാന വെല്ലുവിളിയാകുന്നത്. ആദ്യദിനത്തിൽ വെടിയേറ്റ ശേഷം ദൗത്യസംഘത്തെ ആക്രമിക്കാൻ പാഞ്ഞടുത്ത കൊമ്പൻ ഇന്നലെ താരതമ്യേന ശാന്തനായിരുന്നു. ദൗത്യം പൂർത്തിയാക്കാൻ ഇന്നും ശ്രമം തുടരുമെന്നും, അതിന് കഴിഞ്ഞില്ലെങ്കിൽ താൽക്കാലികമായി ദൗത്യത്തിന് ഇടവേള നൽകാനുമാണ് വനംവകുപ്പിന്റെ തീരുമാനം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.