ഇന്നും പിടികൊടുക്കാതെ ചക്കക്കൊമ്പൻ, ദൗത്യം നാളെ തുടരും; ചിന്നക്കനാലിൽ നിരോധനാജ്ഞയും സ്കൂളുകൾക്ക് അവധിയും
മിഷൻ ചക്കക്കൊമ്പൻ രണ്ടാം ദിനത്തിലും പൂർത്തിയാക്കാൻ ദൗത്യസംഘത്തിന് സാധിച്ചില്ല. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആന നിലയുറപ്പിച്ച സ്ഥാനം കണ്ടെത്തുക എന്നത് ഇന്ന് ഏറെ ദുഷ്കരമായിരുന്നു. രാവിലെ ചെമ്പകതൊഴുക്കുടിക്ക് സമീപം ഒരു മുനമ്പിലെ ഏലത്തോട്ടത്തിലാണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. മൂന്ന് മണിക്കൂറോളം ആന ഈ മേഖലയിൽ തന്നെ തുടർന്നു. ഇവിടെ നിന്നും വെള്ളം നീന്തിക്കയറി ഇടികുഴി ഭാഗത്തേക്ക് ആന എത്തുമെന്നായിരുന്നു ദൗത്യസംഘത്തിന്റെ പ്രതീക്ഷ. എന്നാൽ ഉച്ചയോടെ ഏകദേശം രണ്ട് കിലോമീറ്ററോളം പിന്നാക്കം സഞ്ചരിച്ച് ഏലത്തോട്ടം മേഖലയിലേക്കാണ് ആന നീങ്ങിയത്.
ഇടതൂർന്ന മരങ്ങളും കൃഷിയുമുള്ള പ്രദേശമായതിനാൽ ഇവിടെ വെച്ച് മയക്കുവെടി ദൗത്യം സാധ്യമായില്ല. പിന്നീട് വാഹനത്തിൽ പിന്തുടർന്ന് ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് എത്തിക്കാൻ ദൗത്യസംഘം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വൈകീട്ട് അഞ്ചരയോടെ രണ്ടാം ദിവസത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ആന പൂർണ്ണ ആരോഗ്യവാനാണെന്നും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് കൂടുതൽ ശാന്തനായിരുന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി.
ദൗത്യം നാളെയും തുടരുന്നതിനാൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിൽ നാളെയും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വാർഡുകളിലെ സ്കൂളുകൾക്ക് നാളെ അവധിയായിരിക്കും. പുലർച്ചെ 12.30 മുതൽ ദൗത്യം പൂർത്തിയാക്കി നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെയോ അല്ലെങ്കിൽ രാത്രി 11.30 വരെയോ ആണ് നിരോധനാജ്ഞ നിലനിൽക്കുക.