മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പൻ; മൂടൽമഞ്ഞും മഴയും തിരിച്ചടി, ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു

 

'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം ഇന്നത്തേക്ക് ഉപേക്ഷിച്ച് വനംവകുപ്പ്. ആദ്യ ഡോസ് മയക്കുവെടിയേറ്റിട്ടും ചക്കക്കൊമ്പൻ മയങ്ങാതെ നിൽക്കുകയും തുടർന്ന് കാട്ടിലേക്ക് ഓടിമറയുകയും ചെയ്തതോടെയാണ് ദൗത്യം താൽക്കാലികമായി നിർത്തിവെച്ചത്. 301 കോളനിക്ക് സമീപത്തുവെച്ച് ആദ്യ മയക്കുവെടി വെച്ച ശേഷം ദൗത്യസംഘം ആനയെ നിരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ പ്രദേശത്ത് വീണ്ടും ശക്തമായ മഴ പെയ്തതും കനത്ത മൂടൽമഞ്ഞും ദൗത്യത്തിന് തിരിച്ചടിയായി. ആനയെ നിരീക്ഷിക്കുന്നത് തുടരുമെന്നും ദൗത്യത്തിന്റെ ബാക്കി പ്രവർത്തനങ്ങൾ വ്യാഴാഴ്ച വീണ്ടും ആരംഭിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

ചിന്നക്കനാൽ 80 ഏക്കർ കോളനിക്ക് സമീപമുള്ള പൊന്നുസ്വാമി എസ്റ്റേറ്റിലും പിന്നീട് ആനയിറങ്കൽ അണക്കെട്ടിന്റെ തുരുത്തിലുമായി നിലയുറപ്പിച്ച ചക്കക്കൊമ്പനെ മയക്കുവെടി വെക്കാൻ രാവിലെ മുതൽ വലിയ പരിശ്രമമാണ് വനംവകുപ്പ് നടത്തിയത്. ആദ്യഘട്ടത്തിൽ 301 കോളനിയിലെ ഓമനക്കുഴി ഭാഗത്ത് ആന ചതുപ്പുനിലത്തിൽ ഉറച്ചുനിന്നതും കനത്ത മഴയും തടസ്സമായെങ്കിലും, മഴ മാറിയതോടെ പടക്കം പൊട്ടിച്ച് ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി ആദ്യ മയക്കുവെടി വെക്കുകയായിരുന്നു. എന്നാൽ മയക്കുവെടിയേറ്റിട്ടും ആന മയങ്ങാതെ സ്ഥലത്ത് നിലയുറപ്പിക്കുകയും പിന്നീട് കാട്ടിലേക്ക് നീങ്ങുകയുമായിരുന്നു.

ചിന്നക്കനാൽ മേഖലയിൽ ഭീതിവിതയ്ക്കുന്ന ചക്കക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി വിദേശത്തുനിന്നെത്തിച്ച അഞ്ച് കിലോ ഭാരമുള്ള ജി.പി.എസ് റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. അഞ്ച് വെറ്ററിനറി ഓഫീസർമാർ ഉൾപ്പെടെ 100 അംഗ ദൗത്യസംഘവും വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുമാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്.