പാലക്കാട് ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ്

 

പാലക്കാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്) പടരുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ജനുവരി ഒന്നു മുതൽ 14 വരെ അനങ്ങനടി പഞ്ചായത്തിൽ മാത്രം 37 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കരിമ്പുഴ പഞ്ചായത്തിൽ 12 കേസുകളും ഒറ്റപ്പാലം മുൻസിപ്പാലിറ്റിയിൽ 10 കേസുകളും റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

ശുദ്ധജലം മാത്രമേ കുടിക്കാവൂ, തിളപ്പിച്ച വെള്ളം ഉപയോഗിക്കണം, ഭക്ഷണശുചിത്വം കർശനമായി പാലിക്കണം, കൈ കഴുകൽ അടക്കമുള്ള വ്യക്തിഗത ശുചിത്വം ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും നൽകി.
ബാധിത പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീടുതോറും സന്ദർശിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും, ജലസ്രോതസ്സുകളുടെ പരിശോധനയും ക്ലോറിനേഷൻ നടപടികളും ശക്തമാക്കുകയും ചെയ്തുവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻ അടുത്തുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും നിർദേശമുണ്ട്.