‘ജവാൻ ഉത്പാദനം പുനരാരംഭിച്ചു, ഇടയ്ക്കിടെ അടച്ചിടുന്നത് ആരെ സഹായിക്കാനെന്ന് അന്വേഷിക്കും; എം. ലിജു
സംസ്ഥാന പൊതുമേഖലാ മദ്യമായ ജവാന്റെ ഉത്പാദനം ഇടയ്ക്കിടെ നിലയ്ക്കുന്നത് ഗൗരവമായി കാണുന്നുണ്ടെന്നും ഇതിന് പിന്നിൽ ആരെ സഹായിക്കാനാണെന്ന് അന്വേഷിക്കുമെന്നും എക്സൈസ് മന്ത്രി എം. ലിജു. അടച്ചിടൽ കാരണം ഒരു ദിവസം പതിനായിരക്കണക്കിന് കുപ്പികളുടെ ഉത്പാദനമാണ് തടസ്സപ്പെട്ടതെന്നും ഇത് സർക്കാരിന് വലിയ റവന്യൂ നഷ്ടമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
വരുമാന നഷ്ടത്തെക്കുറിച്ച് കണക്കുകൂട്ടാൻ ടാക്സ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ജവാൻ ഉത്പാദനം പുനരാരംഭിച്ചിട്ടുണ്ട്. പുതിയ മദ്യനയം യു.ഡി.എഫിലും പാർട്ടിക്കുള്ളിലും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും യു.ഡി.എഫിന്റെ മദ്യനയമനുസരിച്ച് പ്രവർത്തിക്കേണ്ട ഉത്തരവാദിത്വമാണ് തനിക്കുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ധനകാര്യ വകുപ്പിന്റെ ചുമതലയാണ്. എന്നാൽ ബ്രാൻഡ് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് എക്സൈസ് വകുപ്പിന് നിർണ്ണായക റോളുള്ളത്. കോൺഗ്രസിലും യു.ഡി.എഫിലും ചർച്ച നടത്തി നയം രൂപീകരിച്ചതിന് ശേഷം മാത്രമേ വീര്യം കുറഞ്ഞ മദ്യവിൽപ്പന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എക്സൈസ് വകുപ്പ് തീരുമാനമെടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി.