ജയമാധവൻ നായർ കൊലക്കേസ്; രണ്ടാം പ്രതി സാജുവിനെ അബുദാബിയിൽനിന്ന് നാട്ടിലെത്തിക്കാൻ നീക്കം

 

കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകക്കേസിൽ രണ്ടാം പ്രതി സാജുവിനെ അബുദാബിയിൽനിന്ന് നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. കൊലപാതകം മറച്ചുവെക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഒന്നാം പ്രതി രവീന്ദ്രൻ നായരെ സഹായിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി. കൂടത്തിൽ കുടുംബത്തിന്റെ ഭൂമി വാങ്ങിയവരെക്കുറിച്ചും അന്വേഷണം തുടരുകയാണ്.

ഒൻപത് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസിൽ തറവാട്ടിലെ കാര്യസ്ഥനായ രവീന്ദ്രൻ നായർ അറസ്റ്റിലായത്. ജയമാധവൻ നായരുടെ കൊലപാതകത്തിൽ രവീന്ദ്രന്റെ അടുത്ത സുഹൃത്തുക്കളായ അനിലിനും സാജുവിനും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അനിൽ അന്വേഷണത്തിനിടെ മരിച്ചു. സാജു വിദേശത്താണ്.

അനിലിന്റെ വാഹനത്തിലാണ് ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജയമാധവനെ മർദിക്കുമ്പോൾ സാജുവും അനിലും സ്ഥലത്തുണ്ടായിരുന്നുവെന്നും അന്വേഷണസംഘം സംശയിക്കുന്നു. വിദേശത്തുനിന്ന് വിളിച്ചുവരുത്തി നേരത്തേ ജില്ലാ ക്രൈംബ്രാഞ്ച് സാജുവിനെ ചോദ്യം ചെയ്തിരുന്നു. സാജുവിന്റെ മൊഴിയിൽനിന്നാണ് വാഹനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതോടെ ജയമാധവൻ നായരെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെന്ന രവീന്ദ്രന്റെ മൊഴി തെറ്റാണെന്ന് വ്യക്തമായതായാണ് വിവരം.

രവീന്ദ്രന്റെ സുഹൃത്തുക്കളായ സെന്തിലും സഹദേവനും അഞ്ച് ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതിനെത്തുടർന്നാണ് താൻ തെറ്റായ മൊഴി നൽകിയതെന്ന് ഓട്ടോ ഡ്രൈവർ സുമേഷ് പൊലീസിനോട് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടത്തിൽ തറവാട്ടിലെ കുറച്ച് ഭൂമി നിലവിൽ സഹദേവന്റെ കൈവശമാണ്. കോടതി മുഖേനയുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഭൂമി ലഭിച്ചതെന്നാണ് വിവരം. ഇതിന് പിന്നിൽ രവീന്ദ്രന്റെ ഇടപെടലുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം.

സഹദേവനെയും സെന്തിലിനെയും കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തു. ജയമാധവൻ നായർ ഭൂമി ഇഷ്ടദാനമായി രവീന്ദ്രന് നൽകിയെന്നായിരുന്നു ഇവരുടെ വിശദീകരണം. എന്നാൽ ഇഷ്ടദാന രേഖയിലെ ജയമാധവൻ നായരുടെ ഒപ്പ് വ്യാജമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. രേഖയിലെ സാക്ഷികളുടെ ആധികാരികതയും പരിശോധിക്കുന്നുണ്ട്. തറവാട്ടിലെ ജീവനക്കാരിയുൾപ്പെടെ ചിലർ അന്വേഷണസംഘത്തിന്റെ സംശയനിഴലിലാണ്.

ഒൻപത് വർഷത്തോളം രവീന്ദ്രനെ സഹായിച്ചവരെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമാണ് പൊലീസ് ഇപ്പോൾ വിശദമായ അന്വേഷണം നടത്തുന്നത്.