സ്പീക്കറുടെ സ്റ്റാഫ് ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ്; പ്രതി പിടിയിൽ
Oct 9, 2026, 11:31 IST
നിയമസഭാ സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫാണെന്ന് വ്യാജേന വിശ്വസിപ്പിച്ച് സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. പാലക്കാട് കോതകുറുശ്ശി സ്വദേശി മുഹമ്മദ് അലിയാണ് പോലീസിന്റെ പിടിയിലായത്. കേരള സർക്കാരിന്റെ വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാഗ്ദാനം നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
മുമ്പ് സെക്രട്ടറിയേറ്റിൽ താൽക്കാലിക ജീവനക്കാരനായിരുന്ന പ്രതി എം.എൽ.എ ഹോസ്റ്റൽ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘടിപ്പിച്ചിരുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയോ പണമോ തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് പൊന്നാനി സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. പൊന്നാനിക്ക് പുറമെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാനമായ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.