രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസഫ് ഗ്രൂപ്പ്

 

രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. ഇന്നലെ ചേർന്ന നിയമസഭ കക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.വിഷയം യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്യാൻ പാർട്ടി ചെയർമാൻ പി.ജെ. ജോസഫിനെ ചുമതലപ്പെടുത്തി. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസിനും രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് പാർട്ടിയുടെ ആവശ്യം.
മോൻസ് ജോസഫിന് പുറമെ രണ്ടാം മന്ത്രിസ്ഥാനത്തേക്ക് അപു ജോൺ ജോസഫിനെ പരിഗണിക്കാനാണ് പാർട്ടിക്കുള്ളിലെ ധാരണ. എന്നാൽ, രണ്ടാം മന്ത്രിസ്ഥാനം നൽകാൻ സാധിക്കാത്ത പക്ഷം ചീഫ് വിപ്പ് അല്ലെങ്കിൽ ഡപ്യൂട്ടി സ്പീക്കർ പദവി നൽകണമെന്ന നിർദേശവും ഉയരുന്നുണ്ട്.അത്തരമൊരു സാഹചര്യം ഉണ്ടായാൽ തോമസ് ഉണ്ണിയാടനെ പരിഗണിക്കാനാണ് പാർട്ടിയുടെ ആലോചന.