വിവാദങ്ങൾക്കൊടുവിൽ ' ജെഎസ്‌കെ' പ്രേക്ഷകരിലേക്ക്; ജൂലൈ 17ന് ചിത്രം തിയേറ്ററിലെത്തും

 

വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രം ജൂലായ് 17-ന് തിയേറ്ററുകളിലെത്തും. ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ശനിയാഴ്ചയായിരുന്നു ചിത്രത്തിന് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചത്. യു/എ 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

സെൻസർ ബോർഡ് നിർദേശങ്ങൾ പ്രകാരമുള്ള എഡിറ്റ് ചെയ്ത പതിപ്പാണ് സർട്ടിഫിക്കേഷനായി അയച്ചിരുന്നത്. കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യൽ ചേർക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. ടൈറ്റിലിൽ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകൾക്ക് പകരം കോടതി രംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.

ഈ മാറ്റങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ചിത്രം റീ എഡിറ്റ് ചെയ്തത്. തുടർന്ന്, വെള്ളിയാഴ്ച തന്നെ സെൻസർ ബോർഡ് ചിത്രം കണ്ടുവിലയിരുത്തി. ഇതിന് പിന്നാലെ ശനിയാഴ്ചയാണ് പ്രദർശനാനുമതി നൽകിയത്.ചിത്രം 17ന് തിയേറ്ററിലെത്തുന്ന വിവരം നടൻ സുരേഷ് ഗോപിയാണ് പങ്കുവെച്ചത്.