കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: മുൻ കോൺഗ്രസ് നേതാവ് സുധീർ കുമാർ അറസ്റ്റിൽ
കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിനെത്തുടർന്ന് തിരുവള്ളൂർ സ്വദേശിയായ വൃദ്ധൻ ഇബ്രാഹിം ഹാജി തീക്കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ സൊസൈറ്റി മുൻ പ്രസിഡന്റും മുൻ കോൺഗ്രസ് നേതാവുമായ സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്ന ഇയാളെ ചേന്ദമംഗലൂരിൽ വെച്ചാണ് ശനിയാഴ്ച ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കേസിൽ സുധീറിനെ കൂടാതെ സൊസൈറ്റി ബോർഡ് അംഗം റെനീഷ്, ബോർഡ് പ്രസിഡന്റ് പ്രീന എന്നിവരും പ്രതികളാണ്.
കഴിഞ്ഞ മെയ് 29 നായിരുന്നു കേരളത്തെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി അന്നത്തെ ബോർഡ് പ്രസിഡന്റായിരുന്ന സുധീർ കുമാറിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഇബ്രാഹിം ഹാജിയുടെ മരണത്തിന് പിന്നാലെ സൊസൈറ്റിക്കെതിരെ നിരവധി നിക്ഷേപകർ പരാതിയുമായി രംഗത്തെത്തി. സംഭവത്തിന് പിന്നാലെ ഡി.സി.സി സെക്രട്ടറിയായിരുന്ന സുധീർ കുമാറിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തുകയും വകുപ്പിന്റെ പരാതിയിൽ കേസ് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്യുകയായിരുന്നു.
യു.ഡി.എഫ് ഭരണസമിതിക്ക് കീഴിലുള്ള സൊസൈറ്റിയിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാൻ ഇബ്രാഹിം ഹാജി നൽകിയ പരാതിയിൽ കഴിഞ്ഞ ജനുവരി 28-ന് തന്നെ പോലീസ് കേസെടുത്തിരുന്നു. സുധീർ കുമാർ, ഇപ്പോഴത്തെ പ്രസിഡന്റ് ബഷീർ അഹമ്മദ്, സെക്രട്ടറി എന്നിവർക്കെതിരെയായിരുന്നു കേസ്. 2021 ജൂലൈ 29 മുതൽ 2023 ജൂലൈ 22 വരെയുള്ള കാലയളവിൽ നിക്ഷേപിച്ച 22 ലക്ഷം രൂപയാണ് ഇബ്രാഹിം ഹാജിക്ക് നഷ്ടമായത്. തന്റെ സമ്പാദ്യം തിരികെ ലഭിക്കാനായി ഇബ്രാഹിം ഹാജി നിരന്തരം സൊസൈറ്റി ഓഫീസിലും ഭാരവാഹികളുടെ വീടുകളിലും കയറിയിറങ്ങിയിട്ടും പണം നൽകാതെ വന്നതോടെയാണ് മുൻ പ്രസിഡന്റിന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.