കാഫിർ സ്‌ക്രീൻഷോട്ട് വിവാദം: തിരഞ്ഞെടുപ്പിൽ സിപിഎം വിഷം കലർത്താൻ ശ്രമിച്ചെന്ന് ഷാഫി പറമ്പിൽ

 

കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിലൂടെ തിരഞ്ഞെടുപ്പിൽ സിപിഎം വിഷം കലർത്താൻ ആണ് ശ്രമിച്ചതെന്ന് ഷാഫി പറമ്പിൽ എം.പി. . നാടിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ ഇപ്പോൾ അറസ്റ്റ് നടന്നിട്ടുണ്ടെങ്കിലും, രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാകുന്ന അന്വേഷണമാണ് രണ്ട് വർഷത്തോളം നീണ്ടുപോയതെന്ന് ഷാഫി കുറ്റപ്പെടുത്തി. ഇതിന് കാരണം പ്രതികൾക്ക് സർക്കാരിന്റെയും സിപിഎമ്മിന്റെയും സംരക്ഷണം ലഭിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

വടകരയിലെ ജനങ്ങളോടാണ് നന്ദി പറയാനുള്ളതെന്നും ഷാഫി പറഞ്ഞു. പ്രചരിപ്പിച്ച സ്‌ക്രീൻഷോട്ട് പച്ചക്കള്ളമാണെന്ന് ജനങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നതിനാലാണ് അവർ പുലർച്ചെ ഏഴ് മണി മുതൽ വോട്ട് ചെയ്യാനെത്തി വമ്പിച്ച ഭൂരിപക്ഷത്തോടെ ഈ പ്രചാരണത്തെ തള്ളിക്കളഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചവരിൽ ഒരാളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ, ഇനി ഇതിന്റെ നിർമാതാക്കളിലേക്കും അന്വേഷണം എത്തണമെന്നും അത് അന്വേഷണ സംഘത്തിന്റെ ഉത്തരവാദിത്വമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.