കാഫിർ സ്‌ക്രീൻഷോട്ട് വിവാദം: അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി പാറക്കൽ അബ്ദുള്ള

 

വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വിവാദമായ 'കാഫിർ സ്‌ക്രീൻഷോട്ട്' കേസിലെ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്.വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

കേസിൽ പ്രതികളെന്ന് സംശയിക്കുന്ന ഡിവൈഎഫ്‌ഐ നേതാക്കളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നുവെന്ന് പാറക്കൽ അബ്ദുള്ള ചൂണ്ടിക്കാട്ടി. എന്നാൽ ഇരുപത് മാസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.നിർണായകമായ ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാതെയും യഥാർത്ഥ പ്രതികളെ കണ്ടെത്താതെയും അന്വേഷണം അവസാനിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കുന്നുവെന്നും എംഎൽഎ ആരോപിച്ചു. കേസിൽ സുതാര്യവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.