കയ്പമംഗലം അപകടം: പഠനയാത്ര അറിയാതെ എന്ന് കോളേജ് അധികൃതർ, കാർ അമിതവേഗത്തിലായിരുന്നെന്ന് നാഷണൽ ഹൈവേ അതോറിറ്റി
ദേശീയപാത 66-ൽ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽപ്പെട്ട വിദ്യാർഥികൾ യാത്ര പോയത് തങ്ങളെ അറിയിക്കാതെയാണെന്ന് ഡിണ്ടിഗൽ എൻജിനീയറിങ് കോളേജ് അധികൃതർ. പുലർച്ചെ കേരള പോലീസ് വിളിച്ചപ്പോഴാണ് അപകടവിവരം അറിഞ്ഞതെന്നും അവധിക്കാലമായതിനാൽ സ്വന്ത നിലയിൽ യാത്ര പ്ലാൻ ചെയ്തതാകാം എന്നും കോളേജ് അധികൃതർ വ്യക്തമാക്കി. അതേസമയം, അപകടത്തിൽപ്പെട്ട കാർ അമിതവേഗത്തിലായിരുന്നുവെന്ന് നാഷണൽ ഹൈവേ അതോറിറ്റിയും (NHAI) വിശദീകരിച്ചു.
അതേസമയം, ദേശീയപാതയിൽ അലക്ഷ്യമായി നിർത്തിയിട്ട ലോറിയും വെളിച്ചക്കുറവും സുരക്ഷാ മുന്നറിയിപ്പുകളുടെ അഭാവവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടം നടന്നയുടൻ പ്രദേശത്ത് നിർത്തിയിട്ടിരുന്ന മറ്റ് രണ്ട് ലോറികൾ ഡ്രൈവർമാർ കടത്തിക്കൊണ്ടുപോയതായും പോലീസും ഹൈവേ അതോറിറ്റിയും നിഷ്ക്രിയത്വം പാലിക്കുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു.
സ്ഥലം സന്ദർശിച്ച മന്ത്രി ഒ.ജെ. ജനീഷ് കുമാർ ലോറി അപകടകരമായ സാഹചര്യത്തിൽ നിർത്തിയിട്ടതാണോ എന്ന് പരിശോധിക്കുമെന്ന് അറിയിച്ചു. മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുന്നതിൽ നാഷണൽ ഹൈവേ അതോറിറ്റി അനാസ്ഥ കാണിക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ സർവീസ് റോഡുകളിലും നിർമ്മാണ മേഖലകളിലും കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും എൻ.എച്ച്.എ.ഐ വ്യക്തമാക്കി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.