കലാച്ചി നോവല്‍ വിവാദം: ഹരിത സാവിത്രിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെആര്‍ മീര
പ്രമുഖ എഴുത്തുകാരി കെ.ആർ. മീരയുടെ പുതിയ നോവൽ 'കലാച്ചി' സ്വന്തം സൃഷ്ടിയുടെ കോപ്പിയടിയാണെന്ന ആരോപണം ഉന്നയിച്ച എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്തു. ഹരിതയുടെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ തന്റെ സാഹിത്യ പ്രതിച്ഛായയ്ക്ക് ഗുരുതരമായ ക്ഷതമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.ആർ. മീര നിയമനടപടി സ്വീകരിച്ചത്. കേസ് നവംബർ 7-ന് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.
തന്റെ 'സിൻ' എന്ന നോവലിന്റെ പ്രമേയം കെ.ആർ. മീര പകർത്തിയതാണെന്ന് ഹരിത സാവിത്രി 2026 മേയ് മാസത്തിൽ ഫെയ്‌സ്ബുക്കിലൂടെ ആരോപിക്കുകയും തുടർന്ന് സോഷ്യൽ മീഡിയയിലും ചാനലുകളിലും വലിയ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, 'കലാച്ചി' എന്ന നോവലിന്റെ രചനാപരമായ ആശയം 2013 മുതൽ മനസ്സിലുള്ളതാണെന്നും, 2020 നവംബറിൽ തന്നെ ഇതിന്റെ ആദ്യ അധ്യായങ്ങൾ 'ട്രൂകോപ്പി തിങ്ക്' മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്ന തെളിവുകൾ കെ.ആർ. മീര കോടതിയിൽ ഹാജരാക്കി. വക്കീൽ നോട്ടീസിന് ഹരിത സാവിത്രി നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് മീര അപകീർത്തിക്കേസുമായി മുന്നോട്ട് പോയത്.