കാലടി സർവകലാശാല പരീക്ഷ വിവാദം; സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി
കാലടി സംസ്കൃത സർവകലാശാലയിലെ പരീക്ഷാ വിവാദത്തിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. വിഷയം ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെ എന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഹർജി തള്ളി ഉത്തരവിട്ടു. സർവകലാശാലകളിൽ വിദ്യാർത്ഥികൾ പാലിക്കേണ്ട പ്രാഥമിക അച്ചടക്കമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
വിദ്യാർത്ഥികൾക്കായി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ് കോടതിയിൽ ഹാജരായി. സർവകലാശാലയുടെ സസ്പെൻഷൻ നടപടി കാരണമാണ് വിദ്യാർത്ഥികൾക്ക് ഹാജർനില കുറഞ്ഞതെന്നും ഇത് സർവകലാശാല മനപ്പൂർവ്വം സൃഷ്ടിച്ച സാഹചര്യമാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ വിദ്യാർത്ഥികളുടെ അറ്റൻഡൻസ് പരിശോധിക്കേണ്ടതുണ്ടെന്ന് സർവകലാശാല കോടതിയെ അറിയിച്ചു.
സിംഗിൾ ബെഞ്ചിൽ നിന്നുള്ള അന്തിമ ഉത്തരവ് വിദ്യാർത്ഥികൾക്ക് അനുകൂലമാണെങ്കിൽ അവർക്കായി പ്രത്യേക പരീക്ഷ നടത്താമെന്നും സർവകലാശാല കോടതിയിൽ വ്യക്തമാക്കി. നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.