വിദ്യാർഥികളുടെ ഹർജി: സുപ്രീം കോടതിയിൽ തടസ ഹർജി നൽകി കാലടി സർവകലാശാല

 

കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികൾ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ തടസ ഹർജി (Caveat Petition) നൽകി സർവകലാശാല. വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സർവകലാശാലയുടെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് സർവകലാശാല രജിസ്ട്രാർ സുപ്രീം കോടതിയെ സമീപിച്ചത്.

പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വിദ്യാർഥികളുടെ ഈ ഹർജി വ്യാഴാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. കോഴ്‌സിന് ആവശ്യമായ മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതുന്നതിന് വ്യക്തമായ തടസമാണെന്ന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചതും സർവകലാശാല തടസ ഹർജി ഫയൽ ചെയ്തതും.