ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി; ആശ ലോറൻസിന്റെ അഭിഭാഷകർക്കെതിരേ കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
എം.എം. ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ അഭിഭാഷകർക്കെതിരേ കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ് പോലീസിൽ പരാതി നൽകി. ഓഫീസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പ്രിൻസിപ്പലിന്റെ പരാതിയിൽ അഭിഭാഷകരായ അഡ്വ. കൃഷ്ണരാജ്, അഡ്വ.ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. എം.എം. ലോറൻസിന്റെ മൃതദേഹം
വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു സംഭവമെന്നാണ് പരാതിയിൽ പറയുന്നത്.
അഭിഭാഷകർക്കെതിരേ ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് ഓഫീസിൽ കയറി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അന്തരിച്ച മുതിർന്ന സി.പി.എം. നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്ന തർക്കത്തിൽ കഴിഞ്ഞ ദിവസമാണ് ഉപദേശക സമിതി മൂന്ന് മക്കളുടേയും അഭിപ്രായം തേടിയത്. മകൾ ആശ ലോറൻസ് തന്റെ അഭിപ്രായം അറിയിച്ചശേഷം തിരികെ ഇറങ്ങിയതിന് പിന്നാലെ ആശയുടെ അഭിഭാഷകർ അതിക്രമിച്ച് ഓഫീസിൽ കയറുകയായിരുന്നു. തുടർന്ന് ആശാ ലോറൻസിന്റെ അഭിഭാഷകൻ കൃഷ്ണരാജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശരിയാക്കികളയുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ലോറൻസിന്റെ മക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്. തുടർന്ന് കോടതി നിർദേശപ്രകാരം ലോറൻസിന്റെ മക്കളുടെ അഭിപ്രായങ്ങൾ കേട്ട ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ട് നൽകാൻ തീരുമാനിക്കുകയായിരുന്നു.